കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ ഭാഗമായ വിചാരണയുടെ ഇരയാണെന്ന് പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച കാന്പസ് ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാന്പസുകളിൽ വിദ്യാർഥികൾ നേരിടുന്ന അരക്ഷിതാവസ്ഥയും ഭയവും ഇല്ലാതാക്കാൻ കാന്പസുകളുടെ ജനാധിപത്യവത്കരണത്തിലൂടെ മാത്രമേ സാധ്യമാവൂവെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു.
ഒരു ദളിത് കുട്ടി അനുഭവിക്കുന്ന യാതനയുടെ നേർചിത്രമാണ് നിതിൻ രാജിന്റെ ആത്മഹത്യയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. മാളവിക ബിന്നി പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിൽ 88 ശതമാനം പേരും ജാതി അധിക്ഷേപം നേരിടുന്നുണ്ടെന്നത് പൊള്ളുന്ന യാഥാർഥ്യമാണ്. ഇതിൽ 25 ശതമാനം പേരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
ഇക്കാര്യം സമൂഹം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നതിന്റെ ചൂണ്ടുപലകയാണ് നിതിൻ രാജിന്റെ മരണമെന്നും ഡോ. മാളവിക ബിന്നി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ അധ്യക്ഷത അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ആർ. ഉണ്ണി മാധവൻ, ടി. ഗംഗാധരൻ, ഡോ. ടി.കെ. പ്രസാദ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു,കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അഷിത്ത് അശോകൻ , വി.എം.കൃഷ്ണപ്രിയ, പി.വി.രോഷിത്, ദീപു ബാലൻ, പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, വി.വി.ശ്രീനിവാസൻ, ആനന്ദ് കൈലാസം, എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകാരൻ പ്രവീൺ രുഗ്മ പാട്ടുകൾ അവതരിപ്പിച്ചു.ചിത്രകാരൻ സലീഷ്ചെറുപുഴ പ്രതിരോധ ചിത്രരചന നടത്തി.